ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജനുവരി 26-ന് ഒപ്പിടാൻ ഒരുങ്ങുന്നു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ നാളെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവെക്കുക.(Big moves, India-EU trade agreement to be signed on Republic Day)
200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാര വിപണിയായി ഇത് മാറും. യൂറോപ്പിൽ നിന്നുള്ള ആഡംബര കാറുകൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കരാറിൽ ധാരണയായിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയിൽ യൂറോപ്യൻ വാഹനങ്ങളുടെ വില കുറയാൻ കാരണമാകും.
ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, സമുദ്രോല്പന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ഇന്ത്യയിലെ ക്ഷീരകർഷകരുടെ താൽപ്പര്യം മുൻനിർത്തി ഈ മേഖലയിലെ വിദേശ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' പദ്ധതിയും ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ചർച്ചകളിൽ വിഷയമാകും.
ഗാസ സമാധാനത്തിനായി രൂപീകരിച്ച ഈ ബോർഡിൽ പാകിസ്ഥാനെ അംഗമാക്കിയതിനെ ഇസ്രായേൽ ശക്തമായി എതിർത്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സമാധാന ദൗത്യത്തിൽ സ്ഥാനമില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷാനടപടിയായി ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക ഇറക്കുമതി തീരുവ അമേരിക്ക പിൻവലിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ ഭാഗമായി നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 50% തീരുവയാണ് ചുമത്തിയിരിക്കുന്നത്. പിഴച്ചുങ്കം ഒഴിവാക്കുന്നതോടെ ഇത് 25 ശതമാനമായി കുറയും.
ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏറക്കുറെ നിർത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിഴ ഒഴിവാക്കുന്നത്. എണ്ണ വാങ്ങുന്നത് നിർത്താൻ പ്രേരിപ്പിക്കുന്ന ട്രംപിന്റെ താരിഫ് നയത്തിന്റെ വിജയമാണിതെന്ന് സ്കോട് ബെസ്സന്റ് വിശേഷിപ്പിച്ചു.
യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 30% തീരുവ ചുമത്തിയത് അമേരിക്കൻ കാർഷിക മേഖലയെ ബാധിച്ചിരുന്നു. ഇത് കുറയ്ക്കാൻ സെനറ്റർമാർ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അയൽരാജ്യങ്ങളെക്കാൾ ഇപ്പോഴും ഇന്ത്യയ്ക്ക് ഉയർന്ന തീരുവയാണ്. റഷ്യൻ എണ്ണയുടെ പേരിലുള്ള പിഴ ഒഴിവാക്കിയാലും ഏഷ്യൻ എതിരാളികളെ അപേക്ഷിച്ച് ഇന്ത്യ നൽകേണ്ട തീരുവ ഇപ്പോഴും കൂടുതലായിരിക്കും.
ബംഗ്ലാദേശ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവയ്ക്ക് ഇത് 20 ശതമാനത്തിൽ താഴെയാണ്. പാക്കിസ്ഥാനാകട്ടെ 19 ശതമാനം ആണ്. ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്താനുള്ള ട്രംപിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങൾ തള്ളിയിരുന്നു