

ഭോപാൽ: ഭോപാൽ മുൻസിപ്പൽ കോർപ്പറേഷന്റെ (BMC) കീഴിലുള്ള 'ജിൻസി' അറവുശാലയിൽ നടന്ന വൻ ഗോവധത്തെച്ചൊല്ലി മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം പുകയുന്നു. എരുമകളെ അറുക്കാൻ മാത്രം അനുമതിയുള്ള ഈ അത്യാധുനിക കേന്ദ്രത്തിൽ 260 ഓളം പശുക്കളെ അറുത്തുവെന്നാണ് കണ്ടെത്തൽ.
2025 ഡിസംബർ 17-ന് ജഹാംഗീരാബാദ് പ്രദേശത്ത് 26 ടൺ ഇറച്ചിയുമായി പോകുകയായിരുന്ന ഒരു കണ്ടെയ്നർ ലോറി വലതുപക്ഷ സംഘടനകൾ തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിടികൂടിയത് എരുമ ഇറച്ചിയാണെന്ന് മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ബി.പി. ഗൗർ ആദ്യം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ഇറച്ചിയുടെ സാമ്പിൾ മഥുരയിലെ ഫോറൻസിക് ലാബിലേക്ക് അയച്ചു.
2026 ജനുവരി ആദ്യവാരം പുറത്തുവന്ന ലാബ് റിപ്പോർട്ടിൽ ഇത് പശുവിന്റെയോ പശു വർഗത്തിൽപ്പെട്ട മറ്റ് മൃഗങ്ങളുടെയോ ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മോഹൻ യാദവ് കർശന നടപടിക്ക് നിർദ്ദേശം നൽകി. മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ബി.പി. ഗൗർ ഉൾപ്പെടെ എട്ട് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മൂന്ന് താത്കാലിക ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
അറവുശാലയുടെ കരാർ ഏറ്റെടുത്തിരുന്ന 'ലൈവ് സ്റ്റോക്ക് ഫുഡ് പ്രൊസസ്സർ പ്രൈവറ്റ് ലിമിറ്റഡ്' ഉടമ അസ്‌ലം ഖുറേഷി, ഡ്രൈവർ ഷോയിബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13-ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഈ അറവുശാല എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ ഐകകണ്ഠ്യേന തീരുമാനിച്ചു. ഇനി മുതൽ നഗരസഭയുടെ കീഴിൽ അറവുശാലകൾ പ്രവർത്തിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു.
ബിജെപി ഭരണസമിതിക്ക് കീഴിലുള്ള നഗരസഭയുടെ അറവുശാലയിൽ തന്നെ ഗോവധം നടന്നത് ഭരണകൂടത്തിന് വലിയ നാണക്കേടായി. മുനിസിപ്പൽ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ അഴിമതിയുണ്ടെന്നും കരാറുകാരനെ സഹായിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.