ബംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കം യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചു (Bengaluru Woman Suicide Sambar Dispute). ബംഗളൂരു സ്വദേശിയായ കാവ്യ (27) ആണ് വ്യാഴാഴ്ച കീടനാശിനി കഴിച്ച് മരിച്ചത്. അഞ്ച് വർഷം മുൻപ് വിവാഹിതയായ കാവ്യയ്ക്ക് നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതുമായി ബന്ധപ്പെട്ട് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ കടുത്ത വാഗ്വാദം നടന്നിരുന്നു. തർക്കത്തിനിടെ ഭർത്താവ് കാവ്യയെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ മനംനൊന്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി യുവതി കഴിച്ചത്.
ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കാവ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

