ബെംഗളൂരു: വിദ്യാർഥികൾക്ക് ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി ബെംഗളൂരു സർവകലാശാല. പ്രീമിയം എത്രയെന്നു തീരുമാനമായിട്ടില്ല. വാർഷിക ഫീസിനൊപ്പം പ്രീമിയം തുകയും ഉൾപ്പെടുത്താനാണു നീക്കം. വിദ്യാർഥികളെ പ്രധാനമന്ത്രി ജൻ സുരക്ഷാ യോജനയിൽ റജിസ്റ്റർ ചെയ്യിക്കാനും കോളജുകൾക്ക് സർവകലാശാല നിർദേശം നൽകി.
അടുത്തിടെ കോളജ് ക്യാംപസുകളിൽ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന്റെയും വാഹനാപകടങ്ങളിൽ മരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് പദ്ധതി. അപകടങ്ങളിൽ മരിക്കുന്ന വിദ്യാർഥികളുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാനുള്ള തുകയ്ക്കായി രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നത് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.