
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമായിട്ടും ആഘോഷം തുടർന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ രൂക്ഷ വിമർശനം.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ആഘോചടങ്ങുകൾ നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ വിജയാഘോഷം തുടരുകയായിരുന്നു. ആർ.സി.ബിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടന്നതെന്ന് റിപ്പോർട്ടുകൾ.
വലിയ രീതിയിലുള്ള വിമർശനം ഉയർന്നതോടെ വിജയാഘോഷ പരിപാടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം ദുരന്തത്തിൽ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം അപകടത്തിനിടയിലും ആഘോഷം നടന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ബി എസ് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.