ബംഗളൂരു: 11 മാസം പ്രായമുള്ള മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി (Bengaluru Techie Suicide). ബംഗളൂരുവിൽ താമസിക്കുന്ന പ്രതിഭ എന്ന യുവതിയാണ് മകന്റെ മരണത്തിലുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
പ്രതിഭയുടെ ഭർത്താവ് മഹന്തേഷ് ജോലിക്ക് പോയ സമയത്താണ് അപകടം നടന്നത്. തുണി ഉണക്കാൻ പ്രതിഭ വീടിന്റെ ടെറസിലേക്ക് പോയ സമയത്ത് കുഞ്ഞ് അഗസ്ത്യ മുട്ടിലിഴഞ്ഞ് ബാത്ത്റൂമിലേക്ക് പോവുകയും അവിടെ ഇരുന്ന വെള്ളം നിറഞ്ഞ ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയുമായിരുന്നു. ടെറസിൽ നിന്ന് മടങ്ങിയെത്തിയ പ്രതിഭ കണ്ടത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചു കിടക്കുന്ന മകനെയാണ്.
മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് എഴുതിവെച്ച ശേഷമാണ് പ്രതിഭ ജീവനൊടുക്കിയത്. കൈത്തണ്ട മുറിച്ചും ഗുളികകൾ കഴിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിഭ ഒടുവിൽ തൂങ്ങിമരിക്കുകയായിരുന്നു. വൈകുന്നേരം 6:30-ഓടെ മഹന്തേഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തന്റെ ചെറിയൊരു അശ്രദ്ധ കാരണമാണ് കുഞ്ഞ് മരിച്ചതെന്നും അതിൽ താൻ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും പ്രതിഭ കുറിച്ചിരുന്നു. ടെറസിലേക്ക് പോയ ആ കുറച്ചു സമയത്തിനുള്ളിൽ ഇത്രയും വലിയൊരു ദുരന്തം സംഭവിക്കുമെന്ന് കരുതിയില്ലെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഇവർ ഈ വാടക ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
Summary: A 29-year-old software professional, Pratibha, died by suicide in Bengaluru shortly after her 11-month-old son accidentally drowned in a bucket of water. The tragedy occurred while she had briefly gone to the terrace to collect clothes. Overcome by guilt and grief, she left a suicide note stating she was responsible for the child’s death before taking her own life. Her husband discovered the bodies upon returning from work.

