ബംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Techie Kills Parents). ബംഗളൂരുവിലെ വിജ്ഞാൻ നഗറിൽ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), അദ്ദേഹത്തിന്റെ ഭാര്യയും ദന്തഡോക്ടറുമായ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും സോഫ്റ്റ്‌വെയർ എൻജിനീയറുമായ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ കത്തികൊണ്ട് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രോഹൻ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരും അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രോഹനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
അറസ്റ്റിലായ രോഹനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ദമ്പതികളുടെ മകൾ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന രോഹൻ എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന ഞെട്ടലിലാണ് പ്രദേശവാസികൾ.
Summary: A 33-year-old software engineer in Bengaluru was arrested for allegedly stabbing his retired Navy Captain father and dentist mother to death.



