

ബംഗളൂരു: പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ബംഗളൂരു ആർ.ടി നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് പിടിയിലായത്.
ഫ്രീഡം പാർക്കിൽ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് കോൺസ്റ്റബിൾ വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി.
പീഡനവിവരം കുട്ടി വെളിപ്പെടുത്തിയതോടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യമുന നായിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ക്രമസമാധാനം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് ബംഗളൂരു പോലീസ് സേനയ്ക്ക് വലിയ നാണക്കേടായിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.