

ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിലുള്ള വൈരാഗ്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചു കൊന്നു. യൂണിയൻ ബാങ്ക് അസിസ്റ്റന്റ് മാനേജരായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ബാലമുരുകൻ (40) പോലീസിൽ കീഴടങ്ങി.
കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഒരാഴ്ച മുമ്പ് ഭുവനേശ്വരി വിവാഹമോചനത്തിനായി നോട്ടീസ് അയച്ചതാണ് ബാലമുരുകനെ പ്രകോപിപ്പിച്ചത്.ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഭുവനേശ്വരിയെ ബാലമുരുകൻ തടഞ്ഞുനിർത്തി നാല് തവണ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ഇവർ 2011-ലാണ് വിവാഹിതരായത്. 2018 മുതൽ ബംഗളൂരുവിൽ താമസിച്ച് വരികയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലമുരുകൻ കഴിഞ്ഞ നാല് വർഷമായി തൊഴിൽരഹിതനായിരുന്നു. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും ഇയാൾക്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച തർക്കങ്ങളെത്തുടർന്നാണ് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറിയത്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.