

ബെംഗളൂരു: വീടുകൾക്ക് മുൻപിൽ ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷ്ടിച്ചിരുന്ന യുവാവ് ബെംഗളൂരുവിൽ പിടിയിലായി. വിദ്യാരണ്യപുര സ്വദേശിയായ അബ്ദുൾ ഹക്കീം (30) ആണ് പോലീസ് പിടിയിലായത്. മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ഇയാൾ സ്വന്തമായി ധരിക്കാറാണ് പതിവെന്ന് പോലീസ് വെളിപ്പെടുത്തി.
വിദ്യാരണ്യപുര പരിസരത്തെ വീടുകളിൽ നിന്ന് വസ്ത്രങ്ങൾ തുടർച്ചയായി കാണാതാകുന്നത് പതിവായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രികാലങ്ങളിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് വസ്ത്രങ്ങൾ മോഷ്ടിക്കുന്ന ഹക്കീമിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ സൂചന പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
ചോദ്യം ചെയ്യലിൽ താൻ മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാളുടെ താമസസ്ഥലത്തുനിന്നും ഇത്തരത്തിൽ മോഷ്ടിച്ച നിരവധി വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക വൈകല്യമുണ്ടോ എന്ന് വ്യക്തമാകാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
മോഷണം, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.