

ബെംഗളൂരു: നഗരത്തിലെ ജെ.ജെ നഗറിൽ ഓം ശക്തി ഭക്തരുടെ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് സംഘർഷാവസ്ഥ. ഞായറാഴ്ച രാത്രി എട്ട് മണിയോടെ വി.എസ് ഗാർഡനിലെ ഓം ശക്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അക്രമത്തിൽ 21 വയസ്സുള്ള യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ക്ഷേത്രത്തിന് സമീപം ഭക്തർ മതപരമായ ചടങ്ങുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി കല്ലേറുണ്ടായത്. ക്ഷേത്രത്തിന് എതിർവശത്തുള്ള ഭാഗത്ത് നിന്നാണ് കല്ലുകൾ വന്നതെന്ന് പരിക്കേറ്റ യുവതിയുടെ പിതാവ് മൊഴി നൽകി. ഇരുട്ടായതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കല്ലേറിൽ രോഷാകുലരായ ഭക്തരും മാലാധാരികളും ജെ.ജെ നഗർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രദേശത്ത് സമാധാനമായി ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഭയപ്പാടിലാണെന്നും പ്രതിഷേധക്കാർ പരാതിപ്പെട്ടു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രണ്ട് വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്കിടയിൽ മതിൽ പണിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ (കെ.എസ്.ആർ.പി) രണ്ട് പ്ലാറ്റൂണുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.