ഡൽഹി : ബെംഗളൂരു സ്ഫോടന കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. കേസിൽ അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസിലെ പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ കോടതിയെ സമീപിച്ചത്. വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നായിരുന്നു താജുദ്ദിന്റെ ആവശ്യം.
കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ അബ്ദുൾ നാസർ മഅദനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.2008ലാണ് ബംഗളൂരുവിനെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്.