7 മിനിറ്റിൽ 7 കോടി കൊള്ള: ബെംഗളൂരു ATM കവർച്ച പ്രതികൾ രക്ഷപ്പെട്ട കാർ തിരുപ്പതിയിൽ ഉപേക്ഷിച്ച നിലയിൽ | ATM

പൊലീസിന് ഇതുവരെയും നിർണായകമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.
7 മിനിറ്റിൽ 7 കോടി കൊള്ള: ബെംഗളൂരു ATM കവർച്ച പ്രതികൾ രക്ഷപ്പെട്ട കാർ തിരുപ്പതിയിൽ ഉപേക്ഷിച്ച നിലയിൽ | ATM
Published on

ബെംഗളൂരു: എ.ടി.എമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപ കവർച്ച ചെയ്ത കേസിൽ അന്വേഷണം വഴിമുട്ടി പോലീസ്. കൊള്ളയടിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ട മൂന്ന് കാറുകളിൽ ഒന്ന് തിരുപ്പതിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെയും നിർണായകമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.(Bengaluru ATM robbery suspects' escaped car found abandoned in Tirupati)

കഴിഞ്ഞ ദിവസം കേവലം ഏഴ് മിനിറ്റ് കൊണ്ടാണ് വൻ കൊള്ള നടന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവം നടന്ന് ഒന്നര ദിവസമായിട്ടും പോലീസിന്റെ അന്വേഷണം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച മൂന്ന് കാറുകളിൽ ഒന്നായ ഗ്രേ നിറത്തിലുള്ള ഇന്നോവ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരുപ്പതിയിൽ നിന്നാണ് കണ്ടെത്തിയത്. ബെംഗളൂരു നഗരത്തിലുടനീളം പോലീസ് തിരച്ചിൽ നടത്തുമ്പോഴാണ് പ്രതികൾ സംസ്ഥാന അതിർത്തി കടന്ന് കാർ തിരുപ്പതിയിൽ ഉപേക്ഷിച്ചത്. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി തിരുപ്പതിയിലെ ഹോട്ടലുകളിൽ ഉടനീളം പോലീസ് പരിശോധന തുടരുകയാണ്.

പണവുമായി പോയ വാനിന്റെ ഡ്രൈവർ, സുരക്ഷാ ജീവനക്കാർ, സി.എം.എസ്. (കാഷ് മാനേജ്‌മെന്റ് സർവീസസ്) ഉദ്യോഗസ്ഥൻ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഒറ്റയ്‌ക്കൊറ്റയ്‌ക്കും കൂട്ടായും ചോദ്യം ചെയ്‌തിട്ടും ഇവർ നൽകുന്നത് ഒരേ മൊഴിയാണ്. എന്നിരുന്നാലും, സംഭവത്തിൽ ആർക്കും പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ട് എന്ന വിശ്വാസത്തിൽ തന്നെയാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

നിലവിൽ സി.എം.എസിൽ ജോലി ചെയ്യുന്നവരുടെയും, അടുത്തിടെ ജോലി ഉപേക്ഷിച്ചുപോയവരുടെയും വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇവർക്കാർക്കെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, പരപ്പന ജയിലിലും പോലീസിൻ്റെ ഒരു സംഘം എത്തി വിവരങ്ങൾ ശേഖരിച്ചു. നഗരത്തിലുടനീളവും അതിർത്തികളിലും പോലീസ് പരിശോധന തുടരുകയാണ്.

വാഹനത്തിലെ ഡി.വി.ആർ. മോഷ്ടാക്കൾ കൊണ്ടുപോയത് അതീവ ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, അപരിചിതർ വാഹനം തടയുന്ന സമയത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ പൂട്ടാൻ മുതിരാതിരുന്നതിനും വാഹനത്തിലെ സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനും ഉത്തരം കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com