ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ പാലിരിക്കണമെന്ന് ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും അവർ ചെയ്ത കുറ്റത്തിന്റെ ഗൗരവവും പരിഗണിച്ചുവേണം ജാമ്യപേക്ഷകളിൽ തീരുമാനമെടുക്കാനെന്ന് പരമോന്നത കോടതി വ്യക്തമാക്കി. പറ്റ്ന ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.(Before granting bail, the background of the offender and the seriousness of the crime should be considered, SC instructs HCs)
ജാമ്യം പരിഗണിക്കുമ്പോൾ പ്രതി മുൻപ് സമാനമായതോ അല്ലാത്തതോ ആയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കണം. സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാവരുത്. പ്രതി മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത ആളാണെങ്കിൽ പോലും, നിലവിലെ കുറ്റം എത്രത്തോളം ക്രൂരമാണെന്ന് പരിശോധിക്കണം. ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജാമ്യം നൽകുന്നത് അതീവ ജാഗ്രതയോടെ വേണം.
'ജയിലല്ല, ജാമ്യമാണ് നിയമം' എന്ന പൊതുതത്വം നിലനിൽക്കുമ്പോൾ തന്നെ, പ്രതികളുടെ കുറ്റകരമായ പശ്ചാത്തലവും സമൂഹത്തിന് അവർ ഉയർത്തുന്ന ഭീഷണിയും അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആയുധങ്ങളുമായി ആസൂത്രിത കൊലപാതകം നടത്തിയ അഞ്ച് കൊടും കുറ്റവാളികൾക്ക് പറ്റ്ന ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ നിലവിൽ നിരവധി കേസുകളുണ്ടെന്നും അവരുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ആസൂത്രിതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പുറത്തിറങ്ങുന്നത് നിയമവ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നും, ജാമ്യം എന്നത് കൊടും കുറ്റവാളികൾക്ക് എളുപ്പത്തിൽ ലഭിക്കേണ്ട അവകാശമല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.