ഊട്ടി: കൂനൂർ ഉപാസി ആസ്ഥാനത്തും സമീപപ്രദേശങ്ങളിലും കരടികളുടെ ആക്രമണം ജനങ്ങളിൽ ഭീതിപരത്തുന്നു. രാത്രിയിൽ ജനലും വാതിലും തകർത്തു വീടുകൾക്കുള്ളിൽ കഴിഞ്ഞ ദിവസം കരടി കയറി. രണ്ടു മാസത്തിനിടെ പത്തോളം വീടുകളിൽ, കരടികൾ നാശനഷ്ടങ്ങൾ വരുത്തുകയും താമസക്കാർക്കു പരുക്കേൽപിക്കുകയും ചെയ്തു. കരടിയെ കുടുക്കാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
കൂനൂരിലെ മലയാളി പ്ലാന്ററുടെ വീട്ടിൽ ഒരാഴ്ചയ്ക്കിടെ 3 തവണയാണു കരടി കയറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യം കയറിയത്. ശനിയാഴ്ചയും ജനൽ തകർത്ത് ഉള്ളിൽ കയറി. ബുധനാഴ്ച വീണ്ടും എത്തിയ കരടി 3 വാതിലുകൾ തകർത്ത് കിടപ്പുമുറി വരെയെത്തി. വീട്ടുപകരണങ്ങളെല്ലാം നശിപ്പിച്ചു. ഗൃഹനാഥന്റെ കയ്യിൽ മുറിവേൽപിക്കുകയും ചെയ്തു. അടുക്കളയിലെ ഭക്ഷണവും എണ്ണയും തിന്നുന്നതു പതിവാണ്. കരടിയെ പിടിക്കാൻ വനംവകുപ്പ് വച്ച കൂട് ഫലപ്രദമല്ലെന്ന പരാതിയുമുണ്ട്.
വലിയ കരടിയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനു കൂടു തകർക്കാൻ പ്രയാസമുണ്ടാകില്ലെന്നാണു ആളുകൾ പറയുന്നത്. മയക്കുവെടി വച്ചു പിടികൂടി മുതുമലയിലെ വനത്തിൽ വിടണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. കരടിയെ പെട്ടെന്നു പിടികൂടാനുള്ള ശ്രമത്തിലാണെന്നു ഡിഎഫ്ഒ പറഞ്ഞു.