ജയ്പുര്‍: ബിഡിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കശ്മീര്‍ സ്വദേശിനി ശ്വേത സിങ്(25) ആണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്.രാജസ്ഥാനിലെ ഉദയ്പുരിലെ പസഫിക് ഡെന്റല്‍ കോളേജിലെ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയാണ് ശ്വേത.
വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഹോസ്റ്റല്‍മുറിയില്‍ ശ്വേതയ്‌ക്കൊപ്പം താമസിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനി രാത്രി മുറിയിലെത്തിയപ്പോഴാണ് ശ്വേതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
കോളേജില്‍ യഥാസമയം പരീക്ഷകള്‍ നടത്താത്തതിന്റെയും അധ്യാപകരുടെ മാനസികപീഡനവും കാരണം താന്‍ ജീവനൊടുക്കുകയാണെന്നാണ് കുറിപ്പിൽ പറയുന്നത്. നൈനി മാഡം, ഭഗവത് സര്‍ എന്നീ അധ്യാപകരുടെ പേരുകളും വിദ്യാര്‍ഥിനി കുറിച്ചിരുന്നു.
അതേസമയം, ശ്വേതയുടെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ച കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ശ്വേതയുടെ കുറിപ്പില്‍ പരാമര്‍ശിക്കുന്ന അധ്യാപകരെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ അധ്യാപകര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഇവരെ പുറത്താക്കുമെന്നും കോളേജ് ഡയറക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നു.