ചെന്നൈ: അണ്ണാഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യത്തിലായതോടെ തമിഴ് രാഷ്ട്രീയത്തിൽ വിജയ്ക്കു വെല്ലുവിളി ഏറുന്നു. ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നതിനു മുൻപ് അണ്ണാഡിഎംകെ, ആദ്യം വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി ചർച്ചകൾ നടത്തിയെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെക്ക് അംഗീകരിക്കാനാകാത്തതായിരുന്നു.
തിരഞ്ഞെടുപ്പു സഖ്യത്തെ വിജയ് നയിക്കുമെന്നും അധികാരത്തിന്റെ ആദ്യ പകുതിയിൽ വിജയ് ആയിരിക്കും മുഖ്യമന്ത്രിയെന്നും സഖ്യകക്ഷികളെയും സീറ്റു വിഭജനവും വരെ സ്വയം തീരുമാനിക്കുമെന്നുമായിരുന്നു നിബന്ധനകൾ. തമിഴ്നാട് ഭരിച്ച പാർട്ടിക്കു മുന്നിൽ ഇന്നലെ വന്നവർ വിലപേശുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് അണ്ണാഡിഎംകെ സഖ്യനീക്കം ഉപേക്ഷിച്ചത്. തുടർന്ന്, ബിജെപിയുമായി സഖ്യത്തിലാകുകയായിരുന്നു. സഖ്യ ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെ അണ്ണാഡിഎംകെയെയും വിജയ്യുടെ ‘ശത്രുപക്ഷത്ത്’ ആണ്.
അണ്ണാഡിഎംകെയ്ക്കൊപ്പം നിന്നിരുന്ന ചെറുകക്ഷികൾ പുതിയ മുന്നണി ആലോചനകൾ തുടങ്ങി. എസ്ഡിപിഐയും വിജയകാന്തിന്റെ ഡിഎംഡികെയും ഡിഎംകെ അനുകൂല നിലപാടിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന പാട്ടാളി മക്കൾ കക്ഷി (പിഎംകെ) പാർട്ടിയിലെ ഉൾപ്പോരു കാരണം നിലപാടു വ്യക്തമാക്കിയിട്ടില്ല. എൻഡിഎയിലെത്തിയ അണ്ണാഡിഎംകെയിലുള്ള മുസ്‌ലിം വോട്ടുകൾ ഡിഎംകെയ്ക്ക് കിട്ടേണ്ടതാണ്. ഇത്തവണ വിജയ് കൂടി കളത്തിലിറങ്ങുമ്പോൾ ഇവർ എങ്ങോട്ടു ചായുമെന്നും അറിയില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയും ബിജെപിയും ഒന്നിച്ചു മത്സരിച്ചരിച്ചപ്പോൾ ആകെയുള്ള 234 സീറ്റുകളിൽ 75-ൽ മാത്രമാണു വിജയിച്ചത്. 4 സീറ്റാണു ബിജെപിക്കു ലഭിച്ചത്.