
മുസാഫർപൂർ: രാത്രിയുടെ ഇരുട്ടിൽ അലഞ്ഞുനടന്ന മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഒരു വൃദ്ധൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ, ഗായ്ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൂസാര ചൗക്കിലാണ് ക്രൂര സംഭവം നടന്നത്. സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നാണ് ക്രൂര ബലാത്‌സംഗം പുറംലോകം അറിയുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു സ്വകാര്യ ബാങ്കിന്റെ കൗണ്ടർ ഭൂസാര ചൗക്കിൽ സ്ഥാപിച്ചിരുന്ന ഒരു കിയോസ്‌ക്കിൽ മറിഞ്ഞു വീണതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടു. ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ ഇവർ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള ഭൂസാരയിൽ താമസിക്കുന്ന സകാൽ പാസ്വാൻ ആണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നതെന്ന് മനസ്സിലാക്കി. ഏകദേശം 70 വയസ്സുള്ള ആളാണ് പ്രതി. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ ദൃശ്യങ്ങളിൽ ഉള്ള പെൺകുട്ടിയെയും തിരിച്ചറിയുകയായിരുന്നു. തുടർന്ന് സംഘടിച്ചെത്തിയ ആളുകൾ സകാൽ പാസ്വാനെ ചോദ്യം ചെയ്‌തെങ്കിലും അയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. തുടർന്ന് വീഡിയോ കാണിച്ചതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
പെൺകുട്ടിയെ നഗ്നയായി കണ്ടതോടെ തനിക്ക് സ്വബോധം നഷ്ടപ്പെട്ടുവെന്നും , തുടർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്തെന്നും , പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും എസ്എച്ച്ഒ ഉമാകാന്ത് സിംഗ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി എസ്‌കെഎംസിഎച്ചിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.