ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ഹസ്തദാനം നൽകാതെ ബംഗ്ലാദേശ് താൽക്കാലിക ക്യാപ്റ്റൻ സവാദ് അബ്രാർ മടങ്ങിയ സംഭവം വിവാദമാകുന്നു. എന്നാൽ ഇത് ബോധപൂർവ്വമല്ലെന്നും കേവലം അശ്രദ്ധമൂലം സംഭവിച്ച കൈയബദ്ധമാണെന്നും വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി.(Bangladesh Cricket Board clarifies on handshake controversy)
സ്ഥിരം ക്യാപ്റ്റൻ അസീസുൾ ഹക്കീമിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് വൈസ് ക്യാപ്റ്റനായ സവാദ് അബ്രാർ ടോസിനായി എത്തിയത്. ടോസ് നടപടികൾക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ കൈനീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ അബ്രാർ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു.
സവാദ് അബ്രാർ ഇന്ത്യൻ ക്യാപ്റ്റനെ അപമാനിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നും ടോസിനിടയിലെ ശ്രദ്ധക്കുറവാണ് ഇതിന് കാരണമെന്നും ബി.സി.ബി പ്രസ്താവനയിൽ പറഞ്ഞു. ക്രിക്കറ്റിന്റെ മാന്യതയ്ക്കും അടിസ്ഥാന തത്വങ്ങൾക്കും നിരക്കാത്ത പെരുമാറ്റം കളിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ടീം മാനേജ്‌മെന്റിന് ബോർഡ് കർശന നിർദ്ദേശം നൽകി.