
ഭുവനേശ്വർ: ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം. ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിൽ ബംജ്റംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വൈദികരെയും, കന്യാസ്ത്രീകളെയും ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരാണ് അക്രമത്തിന് ഇരയായത്. മതപരിവർത്തനം ആരോപിച്ച് 70ഓളം ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഇവിടെ എത്തിയ ഇവര്‍ രാത്രി എട്ടോടെ ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിച്ചത്.ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തുവെന്ന് ഒപ്പമുണ്ടായിരുന്ന സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ എല്‍സി പറഞ്ഞു. അതേസമയം, ഇവരുടെ ഫോണുകള്‍ ഇതുവരെ തിരികെകിട്ടിയിട്ടില്ല. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.