അതിമനോഹരമായ വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ ചില വീഡിയോകൾ അറിയാതെ തന്നെ നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. വിമാനം വൈകിയ സമയത്ത് ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഒരു യാത്രക്കാരിയുടെ കുഞ്ഞിനെ ലാളിക്കുകയും സ്നേഹപൂർവ്വം ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇത്. രശ്മി ത്രിവേദി എന്ന യാത്രക്കാരിയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, എയർലൈൻ ജീവനക്കാർ കുഞ്ഞിനോട് വാത്സല്യത്തോടെ ഇടപഴകുന്നത് കാണാം. (Flight)
ഇന്ത്യയിലുടനീളം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കുഞ്ഞിൻറെ അമ്മയായ രശ്മി ത്രിവേദി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമ്മർദ്ദത്തിൽ തുടരേണ്ടിയിരുന്ന ആ സമയത്ത് എയർലൈൻ ജീവനക്കാരുടെ അനുകമ്പ നിറഞ്ഞ പെരുമാറ്റം കാണിക്കുന്നതാണ് വീഡിയോ. 'വിമാനങ്ങൾ റദ്ദാക്കി, വൈകുകയും ചെയ്തു. പക്ഷേ, ജീവനക്കാർ എപ്പോഴും മികച്ച ആതിഥേയത്വം തന്നെയാണ് കാണിക്കുന്നത്. ഞാൻ എപ്പോഴും ഇൻഡിഗോയിൽ യാത്ര ചെയ്യാറുള്ള ആളാണ്. പക്ഷേ, ഇത്തവണ ധാരാളം ആളുകൾ കഷ്ടപ്പെടുന്നു. എന്നിരുന്നാലും, ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നതാണ് ഏറ്റവും പ്രധാനം' എന്നാണ് രശ്മി കുറിച്ചിരിക്കുന്നത്.
'വിമാനം വൈകി പക്ഷേ എന്റെ കുഞ്ഞ് ജീവനക്കാർക്കൊപ്പം ആഹ്ലാദത്തിലാണ്' എന്നും രശ്മി പറയുന്നു. ഇൻഡിഗോ റദ്ദാക്കിയതും മറ്റും കാരണം നിരവധിപ്പേരാണ് സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയത്. ഇതിന്റെ അനേകം വീഡിയോകളും വാർത്തകളും പുറത്ത് വന്നുകഴിഞ്ഞു. എന്നിരുന്നാലും ഒരു കൊച്ചുകുഞ്ഞിനെ ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ ആളുകൾക്ക് ഇഷ്ടപ്പെട്ടു. അനേകങ്ങൾ വീഡിയോയ്ക്ക് ലൈക്കും കമന്റും നൽകിയിട്ടുണ്ട്.