

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് കാശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) ആണ് പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ക്ഷേത്രത്തിനുള്ളിലെ 'സീതാ രസോയ്' ഭാഗത്ത് ഇരുന്നുകൊണ്ട് ഇയാൾ നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ സേന ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പ്രാദേശിക പോലീസിന് കൈമാറി.
സംഭവത്തെത്തുടർന്ന് അയോധ്യയിലും ക്ഷേത്രപരിസരത്തും സുരക്ഷാ ജാഗ്രത ശക്തമാക്കി. ഇയാളുടെ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്മീറിലേക്ക് പോകുന്ന വഴിയാണ് അയോധ്യയിൽ എത്തിയതെന്നാണ് അഹമ്മദ് ഷെയ്ഖ് നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ പക്കൽ നിന്ന് കശുവണ്ടിയും ഉണക്കമുന്തിരിയും മാത്രമാണ് കണ്ടെത്താനായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രാമക്ഷേത്ര ട്രസ്റ്റോ ജില്ലാ ഭരണകൂടമോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.