

വിദേശികൾക്ക് പലർക്കും ഇന്ത്യ ഒരു വിസ്മയമാണ്. അവർ സാധാരണ ജീവിതത്തിൽ നടക്കില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും അവർ ഇന്ത്യയിൽ വന്ന് അനുഭവിച്ചറിയുന്നതു കൊണ്ടാണ് ഇന്ത്യ അവർക്കൊരു വിസ്മയം ആകുന്നത്. അങ്ങനെ ഇന്ത്യയിൽ വന്ന് ട്രാക്ടറിൽ സഞ്ചരിച്ച ഒരു ഓസ്ട്രേലിയൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. (Australian Traveller)
ഇന്ത്യയിൽ നിന്നുള്ള തികച്ചും വേറിട്ട അനുഭവമാണ് യുവാവിന് ലഭിച്ചത്. ഒരു ട്രാക്ടറിൽ സഞ്ചരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ട്രാക്ടർ ഒരു സാധാരണമായ വാഹനമാണ്. ഇപ്പോഴിതാ യുവാവ് ട്രാക്ടറിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാണത്രെ ഇന്ത്യ യുവാവിന് പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുന്നത്.
'ഇതൊക്കെ കൊണ്ടാണ് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട രാജ്യമായി മാറുന്നത്. നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാനാവില്ല. നിങ്ങൾ ഒരു മരുഭൂമിയുടെ നടുവിലൂടെ ഒരു ട്രാക്ടറിൽ സഞ്ചരിച്ചേക്കാം. ഈ രാജ്യം എല്ലാ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾ ചെറുപ്പക്കാരും സാഹസികത ഇഷ്ടപ്പെടുന്ന ആളുമാണെങ്കിൽ, നിങ്ങൾ ഇന്ത്യയിലേക്ക് വരിക' എന്ന് വീഡിയോയിൽ തന്നെ കുറിച്ചിട്ടുണ്ട്.
വീഡിയോയിൽ യുവാവ് ട്രാക്ടറിൽ ഇരുന്ന് പോകുന്നതും മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നതും എല്ലാം കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ചെയ്തിരിക്കുന്നത്. 'ഇന്ത്യക്കാരേക്കാൾ കൂടുതൽ ഇന്ത്യയെ അറിയുന്നതും അനുഭവിക്കുന്നതും വിദേശികളാണ്' എന്നായിരുന്നു പലരുടേയും അഭിപ്രായം.