

കാൻബറ: ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിസ മാനദണ്ഡങ്ങളിൽ വൻ പരിഷ്കാരം. വിസ പരിശോധനകൾ കർശനമാക്കിയ ഓസ്‌ട്രേലിയൻ സർക്കാർ, ഇന്ത്യയെ 'ഹൈ റിസ്‌ക്' (High Risk) രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി എട്ട് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യയെ എവിഡൻസ് ലെവൽ 2-ൽ നിന്നും ലെവൽ 3-ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.ലെവൽ 3-ലേക്ക് മാറ്റപ്പെട്ടതോടെ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ അതീവ സൂക്ഷ്മമായ പരിശോധനകളാകും ഇനി നടക്കുക.
രേഖകൾ: സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് മുമ്പത്തേക്കാൾ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും. പശ്ചാത്തല പരിശോധനകളും (Background Verification) കൂടുതൽ കടുപ്പമേറിയതാകും.വിസാ നടപടികളിലെ ക്രമക്കേടുകൾ തടയാനും യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് ഓസ്‌ട്രേലിയൻ അധികൃതർ വിശദീകരിക്കുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കർശന നീക്കം.
ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. വിസ അനുവദിക്കുന്നതിലെ കാലതാമസത്തിനും നിരസിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം വർദ്ധിക്കാനും പുതിയ മാറ്റം കാരണമായേക്കാം.