

ബെംഗളൂരു: ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മയെ പോലീസ് പിടികൂടി. കഴുത്തിന് പിന്നിൽ ഗുരുതരമായി വെട്ടേറ്റ മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്.(Attempted human sacrifice, Mother arrested for beheading daughter at temple)
സരോജമ്മയും മകളും കഴിഞ്ഞ ദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥനകൾ കഴിഞ്ഞ ഉടൻ സരോജമ്മ മകൾ രേഖയെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സരോജമ്മയെ പിടിച്ചുമാറ്റിയത്. കഴുത്തിന് പിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രേഖ ഗുരുതരാവസ്ഥയിലാണ്.
രേഖയും ഭർത്താവും തമ്മിൽ സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തിയത് ജ്യോതിഷിയുടെ നിർദേശപ്രകാരമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക സംശയം. മകളെ നരബലി നൽകാനാണ് സരോജമ്മ തീരുമാനിച്ചതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.