റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡിൽ ഖനന പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡിസംബർ 27-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടിയത്.(Attempt to tear off woman police officer's clothes, Action taken against anti-mining protesters in Chhattisgarh)
റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഖനനത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. പങ്കെടുത്ത പ്രതിഷേധം അക്രമാസക്തമാവുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷത്തിനിടയിൽ ഒറ്റപ്പെട്ടുപോയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഒരു കൂട്ടം പുരുഷന്മാർ വളയുകയായിരുന്നു. നിലത്തു വീണ ഉദ്യോഗസ്ഥയുടെ വസ്ത്രം വലിച്ച് കീറാനും ദൃശ്യങ്ങൾ പകർത്താനും ഇവർ ശ്രമിച്ചു.
താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും തന്നെ വെറുതെ വിടണമെന്നും കൈകൾ കൂപ്പി ഉദ്യോഗസ്ഥ അക്രമികളോട് യാചിക്കുന്ന ദൃശ്യങ്ങൾ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തല്ലാനോങ്ങുന്ന അക്രമികളോട് "സഹോദരാ, എന്നെ വിടൂ" എന്ന് അവർ കരഞ്ഞു പറയുന്നത് വീഡിയോയിലുണ്ട്.
ഓൾ ഇന്ത്യ മഹിള കോൺഗ്രസ് ആണ് ഈ വീഡിയോ പങ്കുവെച്ച് സർക്കാരിനെതിരെ രംഗത്തെത്തിയത്. "യൂണിഫോമിട്ട പോലീസുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പൂർണ്ണ പരാജയമാണ്." - മഹിള കോൺഗ്രസ് ആരോപിച്ചു.