

ബെംഗളൂരു: നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധുവിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് റാഫിയ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.(Attempt to kidnap newborn baby from Bengaluru hospital, 2 arrested)
ജയനഗർ സ്വദേശിനിയായ അസ്മ ബാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രതികളായ സ്ത്രീയും പെൺകുട്ടിയും ജനറൽ വാർഡിൽ എത്തുകയും കുഞ്ഞിന്റെ അമ്മയായ അസ്മ ബാനുവുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
അസ്മ ബാനു ശുചിമുറിയിൽ പോയ തക്കത്തിന്, റാഫിയ കുഞ്ഞിനെ എടുത്ത് വാർഡിൽ നിന്ന് പുറത്തേക്ക് നടന്നു. എന്നാൽ, ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ സംശയം തോന്നി ഇവരെ തടഞ്ഞു നിർത്തി. ഉടൻതന്നെ സിമ്രാൻ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
അസ്മയുടെ സഹോദരിയുടെ ഇടപെടൽ കാരണമാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം വിഫലമായതും കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിക്കാൻ സാധിച്ചതും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.