ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തുടരുന്നു. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിന് നേരെയും വ്യാപാര സ്ഥാപനത്തിന് നേരെയും അക്രമം നടത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (VHP), ബജ്‌രംഗ്ദൾ നേതാക്കളടക്കം നാല് പേർ അറസ്റ്റിലായി.(Attacks on Christmas celebrations in Assam and Madhya Pradesh, 4 arrested)
നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാലയത്തിന് നേരെയാണ് ഒരു കൂട്ടം വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. നഗരത്തിൽ ക്രിസ്മസ് സംബന്ധമായ സാധനങ്ങൾ വിറ്റ കടയ്ക്ക് നേരെയും അതിക്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് വിഎച്ച്പി ജില്ലാ സെക്രട്ടറി, ബജ്‌രംഗ്ദൾ കൺവീനർ എന്നിവരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷ ശക്തമാക്കി.
മധ്യപ്രദേശിൽ പള്ളി പരിസരത്ത് വെച്ച് കാഴ്ചപരിമിതിയുള്ള സ്ത്രീയെ ബിജെപി നേതാവ് ആക്രമിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. ബിജെപി ജില്ലാ ഉപാധ്യക്ഷയാണ് സ്ത്രീയെ അക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി. തുടർന്ന് ഇവർക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്നാൽ, ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ അക്രമിച്ചിട്ടും ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പള്ളി പരിസരത്ത് അതിക്രമിച്ചു കയറിയായിരുന്നു ബിജെപി നേതാവിന്റെ ആക്രമണം.