

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സമാധാന ചർച്ചകളെ ബാധിക്കുന്ന നടപടികളിൽ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.(Attack on Putin's residence, India expresses concern)
ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ 'എക്സി'ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. "റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഏറെ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ നയതന്ത്രപരമായ നീക്കങ്ങളാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. ഇത്തരം സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു."
നോവ്‌ഗൊറോഡ് മേഖലയിലെ പുതിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിസംബർ 28, 29 തീയതികളിൽ യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് വ്യക്തമാക്കി. ഇത് രാജ്യത്തിന് നേരെയുള്ള ഭീകരവാദമാണെന്നും ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകുമെന്നും ലവ്‌റോവ് മുന്നറിയിപ്പ് നൽകി.
എന്നാൽ റഷ്യയുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി പ്രതികരിച്ചു. യുക്രൈനെതിരെ പുതിയ വലിയ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന് മുന്നോടിയായി റഷ്യ നടത്തുന്ന നുണപ്രചാരണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.