
ഹൈദരാബാദ്: ആദിലാബാദിൽ ഒരു പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷ്ടാക്കൾ ലക്ഷങ്ങൾ മോഷ്ടിച്ചു(ATM). ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർത്താണ് പണം മോഷ്ടിച്ചത്. ശനിയാഴ്ച പുലർച്ചെ 3.45 ഓടെയാണ് സംഭവം നടന്നത്. മോഷ്ടാക്കൾ എടിഎംൽ കയറി ഉടൻ തന്നെ സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. ശേഷം അലാറം സംവിധാനവും വിച്ഛേദിച്ചു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർത്തു. പതിവ് പട്രോളിങ്ങിനിടെ ഒരു ബീറ്റ് കോൺസ്റ്റബിളാണ് എ.ടി.എം തുറന്നിരിക്കുന്നതും കവർച്ച നടന്നതായും മനസിലാക്കിയത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹം മേലുദ്യോഗസ്ഥരെയും ബാങ്ക് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. എ.ടി.എംന് പുറത്തുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു എസ്‌യുവിയിലാണ് പ്രതികൾ എത്തിയതെന്ന് കണ്ടെത്തി.
മാത്രമല്ല; ക്ലൂസ് ടീം എ.ടി.എം സന്ദർശിച്ച് ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മോഷ്ടിച്ച തുകയുടെ കൃത്യമായ കണക്ക് ബാങ്ക് ഉദ്യോഗസ്ഥർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.