പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. അഖിലേഷ് പ്രസാദ് സിങ്ങിനെ മാറ്റി സംസ്ഥാനത്തെ പ്രമുഖ ദലിത് മുഖമായ രാജേഷ് കുമാറിനെ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. സംസ്ഥാനത്ത് ദലിത് പിന്തുണ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമമാണിതെന്നാണ് വിലയിരുത്തൽ. കുടുംബയിൽ നിന്നുള്ള ദലിത് നേതാവും സിറ്റിംഗ് എംഎൽഎയുമായ രാജേഷ് കുമാര്‍, രാഹുൽ ഗാന്ധിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്.
അഖിലേഷ് പ്രസാദ് സിങ്ങും പാർട്ടിയുടെ ബിഹാർ ചുമതലയുള്ള നേതാക്കളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും, ജനസമ്പർക്ക പരിപാടികളുമായി ബന്ധപ്പെട്ടും സിംഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിംഗിനെ മാറ്റി രാജേഷ് കുമാറിന് ചുമതല്‍ നല്‍കുന്നത്. രാജേഷ് കുമാറിനെ ബിഹാറിന്റ അദ്ധ്യക്ഷനാക്കമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തിൽ സിങിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ഭൂമിഹാർ സമുദായത്തിൽപ്പെട്ട സിങ്, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി അടുപ്പമുള്ളയാളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതിലും പ്രത്യേകിച്ച് മകന് ടിക്കറ്റ് ഉറപ്പാക്കിയതിലും ആർജെഡിയുമായി സീറ്റ് പങ്കിടൽ ചർച്ചകളിലും അദ്ദേഹം വഹിച്ച പങ്ക് പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ, രാജേഷ് കുമാറിനെ നിയമിക്കുന്നതിലൂടെ, ദലിത് വോട്ടർമാർക്കിടയിൽ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം ആര്‍ജെഡിയുമായുള്ള സഖ്യചര്‍ച്ചകളില്‍ രാജേഷ് കുമാറിന് എന്തൊക്കെ ചെയ്യാനാകും എന്നതും ആശങ്കയുണ്ടാക്കുന്നു. ഈ വർഷം അവസാനമാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്.