ഡൽഹി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബർ 14 നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തീയ്യതി പ്രഖ്യാപിച്ചത്. വോട്ടർ പട്ടികയിലെ മാറ്റങ്ങൾക്ക് ഇനിയും അവസരമുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പുറത്തുവിട്ടിരുന്നു. കരട് പട്ടികയിൽ അവകാശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ആവശ്യമായ സമയവും നൽകിയിരുന്നു. അന്തിമ വോട്ടർ പട്ടികയും പുറത്തുവിട്ടു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ് സമീപിക്കാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.