

ദിസ്പുർ: അസമിലെ വെസ്റ്റ് കർബി ആങ്ലോങ് ജില്ലയിലുണ്ടായ ഗോത്ര സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ 58 പൊലീസുകാർക്ക് പരിക്കേറ്റു. ഖെറോണി മേഖലയിലുണ്ടായ സംഘർഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ഗോത്ര വിഭാഗങ്ങൾക്ക് സ്വയംഭരണ അവകാശമുള്ള ഈ മേഖലയിൽ താമസിക്കുന്ന നേപ്പാൾ, ബിഹാർ സ്വദേശികളായ കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഖെറോണി മാർക്കറ്റ് മേഖലയിൽ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.
പ്രതിഷേധക്കാർക്ക് നേരെയും പൊലീസിന് നേരെയും നടന്ന അക്രമങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ നിരവധി വാഹനങ്ങളും കടകളും തകർക്കപ്പെട്ടു. സംഘർഷം പടരാതിരിക്കാൻ കർബി ആങ്ലോങ്, വെസ്റ്റ് കർബി ആങ്ലോങ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നടപടി.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ ഗോത്ര നേതാക്കളുമായി സർക്കാർ ചർച്ചകൾ നടത്തി വരികയാണ്. കുടിയൊഴിപ്പിക്കൽ വിഷയത്തിൽ നിയമപരമായ നടപടികൾ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.