

ധിമാപൂർ: അസമിലെ കൊക്രജഹാറിൽ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ റോഡ് നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി ഗോരക്ഷാ സംഘം തീയിടുകയായിരുന്നു. ആക്രമണത്തിൽ നാല് തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊക്രജഹാർ-ധിമാപൂർ അതിർത്തിയിലെ ഔദാങ് പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
റോഡ് നിർമ്മാണ ജോലികൾ കഴിഞ്ഞ് തിങ്കളാഴ്ച രാത്രി മടങ്ങുകയായിരുന്നു കരാറുകാരനും തൊഴിലാളികളും അടങ്ങുന്ന സംഘം. ഗൗരി നഗർ മാഷിംഗ് റോഡിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞു. പശുക്കടത്ത് സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭയന്നുപോയ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ റോഡിൽ നിന്ന് തെന്നിമാറി. ഈ സമയം ആക്രമണകാരികൾ തൊഴിലാളികൾ ഉള്ളിലിരിക്കെ തന്നെ വാഹനത്തിന് തീ കൊളുത്തുകയായിരുന്നു.
സിഖ്‌ന ജ്വാലാവോ ബിസ്മിത് (രാജ) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ റോഡ് നിർമ്മാണ കരാറുകാരനായ മൊറാൻഡ ബസുമാത്രിയുടെ മരുമകനാണ് ഇദ്ദേഹം. സംഭവത്തിൽ പ്രഭാത് ബ്രഹ്മ, ജുബിരാജ് ബ്രഹ്മ, സുനിൽ മുർമു, മഹേഷ് മുർമു എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കൊക്രജഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രഭാത് ബ്രഹ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പശുക്കടത്ത് ആരോപണം അടിസ്ഥാനരഹിതമാണെന്നും സാധാരണ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.