

ഗുവാഹത്തി: ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. 1950-ലെ കുടിയേറ്റ നിയമം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കുന്നത്. അതേസമയം, രാജ്യം വിടാൻ നിർദ്ദേശിക്കപ്പെട്ട അഞ്ച് പേരും ഒളിവിലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.(Assam government asks 5 people who were declared not Indian citizens by tribunal to leave the country)
സോണിത്പൂർ ജില്ലയിലെ ധോബോകട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യാക്കാരല്ലെന്നാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണൽ നമ്പർ 2 വിധിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ കുമാർ ദാസ് ഒപ്പിട്ട ഉത്തരവുകൾ പ്രകാരമാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്.
ഈ ഉത്തരവ് നടപ്പാക്കാനായി പോലീസ് ഗ്രാമത്തിലെത്തിയെങ്കിലും അഞ്ച് പേരെയും കണ്ടെത്താനായില്ല. ഒരു വർഷമായി ഇവർ താമസിക്കുന്നില്ലെന്ന് അയൽവാസികൾ മൊഴി നൽകി. രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നു. അതിനാൽ തന്നെ അതിർത്തി പോലീസിന് നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്നാണ് കേസുകൾ ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.