ഏഷ്യാ കപ്പ്: ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കണം; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി | Asia Cup

ഇന്ത്യ – പാകിസ്താൻ മത്സരം ദേശവിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് ഹർജിയിൽ പറയുന്നു
Supreme Court
Published on

ന്യൂഡൽഹി: ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. മത്സരത്തിൽ കളിക്കുകയെന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പൂനെ സ്വദേശിയായ ആക്ടിവിസ്റ്റ് കേറ്റൻ തിരോദ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. സെപ്തംബർ 14നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.

മെയ് മാസത്തിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഈ മത്സരം നടക്കാൻ പാടില്ലെന്ന് കേറ്റൻ തിരോദ്കർ സൂചിപ്പിച്ചു. "ഭരണഘടനാ വകുപ്പ് 21ൻ്റെ ലംഘനമാണ് ഇത്. ബിസിസിഐയെ ദേശീയ സ്പോർട്സ് ഫെഡറേഷന് കീഴിൽ കൊണ്ടുവന്ന് നടപടികൾ സ്വീകരിക്കണം. നമ്മുടെ സൈന്യത്തിനും പൊതുജനങ്ങൾക്കും ഇന്ത്യ – പാകിസ്താൻ മത്സരം ദേശവിരുദ്ധ സന്ദേശമാണ് നൽകുന്നത്." - ഹർജിയിൽ തിരോദ്കർ പറയുന്നു. ഈ മാസം 12ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അടങ്ങുന്ന ബെഞ്ച് ഹർജി പരിഗണിക്കും.

അതേസമയം, ഐസിസി ഇവൻ്റുകളിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കുക എന്നത് നടപ്പുള്ള കാര്യമല്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ കളിക്കാതിരുന്നാൽ ഐസിസി നടപടിയെടുക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ പറഞ്ഞു. വിവിധ ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെൻ്റിൽ ഒരു ടീം കളിക്കാതിരുന്നാൽ ആ ബോർഡിനെതിരെ ഐസിസി നടപടിയെടുക്കും. വളർന്നുവരുന്ന താരങ്ങൾക്കും അവരുടെ കരിയറിനുമൊക്കെ അത് തിരിച്ചടിയാവും. താരങ്ങളുടെ ആശങ്കകളും ബിസിസിഐയുടെ താത്പര്യങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും സൈകിയ വ്യക്തമാക്കി.

ക്രിക്കറ്റിലോ മറ്റേതെങ്കിലും കായികമത്സരങ്ങളിലോ കളിക്കുന്നതിനായി ഇന്ത്യൻ ടീമിന് കായികമന്ത്രാലയം ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധനകളൊക്കെ വച്ചത് വളരെ കരുതലോടെയാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ അക്കാര്യങ്ങൾ അനുസരിച്ചേ നിലപാടെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com