

ഗുവാഹാത്തി: രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചാണ് ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലിക്കും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.റോഡ് മുറിച്ചുകടക്കുമ്പോഴാണ് ബൈക്ക് ഇവരെ ഇടിച്ചത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു.
തനിക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്നും സുഖമായിരിക്കുന്നുവെന്നും ആശിഷ് വിദ്യാർത്ഥി ഇൻസ്റ്റാഗ്രാം ലൈവിലൂടെ വ്യക്തമാക്കി. രൂപാലി ബറുവയെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെങ്കിലും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ദമ്പതികളെ ഇടിച്ച ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുവാഹാത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരാധകർക്കിടയിൽ വാർത്ത പരന്നതോടെ ആശങ്കയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ തങ്ങൾ സുരക്ഷിതരാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.