തിരുവനന്തപുരം: രണ്ടാഴ്ചത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് ഇന്ന് മലേഷ്യയിൽ തുടക്കമാകും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് ക്വാലലംപൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്നതിന് പകരം വിർച്വലായി സമ്മേളനത്തിൽ സംസാരിക്കും.(ASEAN Summit, S Jaishankar in Malaysia today)
ഏഷ്യൻ മേഖലയിലെ നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ നിർണായകമാകുന്ന തീരുമാനങ്ങൾ ഈ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിൽ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് അവതരിപ്പിക്കും. വ്യാപാര രംഗത്ത് ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്ക് അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമായേക്കുമെന്നാണ് റിപ്പോർട്ട്.
ആസിയാൻ ഉച്ചകോടിക്കായുള്ള യാത്രയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളും ചർച്ചയിൽ വിഷയമായേക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവയ്ക്കും എന്നും ട്രംപ് അവകാശപ്പെട്ടു.
ഈ കാര്യങ്ങളിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആസിയാൻ ഉച്ചകോടിയിൽ താൻ നേരിട്ട് പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി അടുത്തിടെ എക്സിലൂടെ അറിയിക്കുകയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം പ്രധാനമന്ത്രി ഉച്ചകോടിയിൽ നിന്ന് മാറിനിൽക്കുന്നത് ഒരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാർ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ, ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിൽ താരിഫ്, റഷ്യൻ എണ്ണ, ഇന്ത്യ-പാക് മധ്യസ്ഥത അടക്കമുള്ള വിഷയങ്ങൾ ചർച്ചകളിലേക്ക് വന്നാൽ ട്രംപിന്റെ പ്രതികരണം പ്രവചനാതീതമായേക്കുമെന്ന വിലയിരുത്തലാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച ഒഴിവാക്കിയതിന് പിന്നിലെന്നാണ് റിപ്പോർട്ട്. 2014 മുതൽ 2019 വരെ എല്ലാ വർഷവും പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. 2022-ലും പ്രധാനമന്ത്രി ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.