കന്യാസ്ത്രീകളുടെ അറസ്റ്റ് ; പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി |Vishnu deo sai
റായ്പൂർ : കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണ് അതിൽ രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ദേവ് സായ് എക്‌സിലൂടെ പറഞ്ഞു.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. പെൺകുട്ടികൾ ബസ്തറിൽ നിന്നുള്ളവർ .ആഗ്രയിൽ നേഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നത്. കന്യാസ്ത്രീകൾക്ക് പെൺകുട്ടികളെ ഏൽപ്പിച്ചത് നാരായൺപൂർ സ്വദേശി എന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.