
ഡൽഹി: ഭീകരാക്രമണത്തിന് പിന്നലെ സൈബർ ആക്രമണം നടത്താനുള്ള പാകിസ്താന്റെ ശ്രമം തകർത്ത് ഇന്ത്യൻ സേന. ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് പരാജയപ്പെട്ടത്.
സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെ ഹാക്കിങ് ശ്രമം ഉണ്ടായതായാണ് ഇന്റലിജൻസ് വിഭാഗം അറിയിച്ചത്. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്കൂൾ, ആർമി വെൽഫെയർ ഹൌസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യൻ വ്യോമസേനാ പ്ലേസ്മെന്റ് പോർട്ടൽ എന്നിവയ്ക്ക് നേരെയാണ് സൈബറാക്രമണം ഉണ്ടായത്.
പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം നടത്തിയത്.കരസേനയുടെ സൈബർ സ്പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു ഇവർ ശ്രമം നടത്തിയത്. സുപ്രധാന വ്യക്തിവിവരങ്ങൾ കൈക്കലാക്കുക സർവീസുകൾ തകർക്കുക ഇതായിരുന്നു പാകിസ്ഥാൻ ഹാക്കർമാരുടെ ലക്ഷ്യം.
എന്നാൽ, ഈ ശ്രമം ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം തകർക്കുകയായിരുന്നു. കുറച്ചുനേരത്തേക്ക് ഹാക്കർമാർ സൈറ്റുകളിൽ നുഴഞ്ഞു കയറിയെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം സൈറ്റുകളും തിരികെ പിടിച്ചതായി അറിയിച്ചു.