
ബെംഗളൂരു: കർണാടകയിലെ അങ്കോളയ്ക്ക് അടുത്ത് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ അനുകൂലസാഹചര്യമുണ്ടാകുന്ന പക്ഷം തുടരാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ.
പശ്ചിമഘട്ടത്തിൽ ഇടവിട്ട് പെയ്‌ത മഴയിൽ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കൂടിയിരുന്നെന്നും, ദിവസങ്ങളോളം ഒരു മുങ്ങൽ സംഘത്തിന് ഇറങ്ങിത്തപ്പാനുള്ള സ്ഥിതി ഉണ്ടായിരുന്നില്ലെന്നും കോടതിയിൽ വാദിച്ച സർക്കാർ, മുങ്ങൽ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
കോടതി നിലവിൽ തിരച്ചിലിനുള്ള തടസങ്ങൾ എന്താണെന്ന് ചോദിച്ച അവസരത്തിൽ, എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവര റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
മരിച്ചവർക്കുള്ള ധനസഹായത്തിൻ്റെ കാര്യം ആരാഞ്ഞ കോടതി, അവരുടെ കുടുംബങ്ങളുടെ പുനഃരധിവാസത്തിൻ്റെ വിവരങ്ങളെക്കുറിച്ചും ചോദിച്ചു. അവയെല്ലാം ചേർത്ത് പുതിയ റിപ്പോർട്ട് നൽകാമെന്നാണ് സർക്കാർ പ്രതികരിച്ചത്. കോടതി ഹർജിക്കാരോട് സർക്കാർ റിപ്പോർട്ടിൽ എതിർവാദങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ നിർദേശിച്ചു.