അഹമ്മദാബാദ് : കല്യാണസാരിയെ ചൊല്ലി ഉണ്ടായ തർക്കത്തിൽ വധുവിനെ കൊലപ്പെടുത്തി വരൻ. ഗുജറാത്തിലെ ഭാവ്നനഗറിലെ ടെക്രി ചൗക്കിലെ വധുഗൃഹത്തിൽ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. സാരിയെയും പണത്തേയും ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്.
സോണി ഹിമ്മത് റാത്തോഡ് (24) എന്ന യുവതിയെയാണ് വരനായ സജൻ ബരയ്യ കൊലപ്പെടുത്തിയത്. ഇരുവരും കഴിഞ്ഞ ഒന്നര വർഷമായി ലിവിങ് ടുഗദറിലായിരുന്നു. തുടർന്ന്, വിവാഹം കഴിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു ഇരുവരുടെ വിവാഹം നിശ്ചയിച്ചത്.
കല്യാണ ദിവസം രാവിലെ സജൻ സോണിയുടെ വീട്ടിലെത്തി. ഇവിടെവച്ച്, സാരിയെയും കല്യാണത്തിന്റെ മറ്റ് ചെലവുകളേയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം അതിരുകടന്നപ്പോൾ സജൻ സോണിയെ ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒടുവിൽ വധുവിന്റെ വീട് അടിച്ചുതകർത്ത ശേഷം ഇയാൾ സ്ഥലംവിടുകയായിരുന്നു.
യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ് പോലീസ്. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ് അറിയിച്ചു.