
പട്‌ന: മുത്തശ്ശന്റെ പെൻഷനെ ചൊല്ലിയുണ്ടായ തർക്കത്തിൽ, യുവാവ് സ്വന്തം സഹോദരനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. പട്‌നയിലെ ഗൗരിചക് പോലീസ് സ്റ്റേഷൻ പരിധിയിലെ ലഹലത്പൂർ ഗ്രാമത്തിലാണ് സംഭവം. വെടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു.
ഗ്രാമവാസിയായ പവൻ എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പവന്റെ സഹോദരനായ ബോൾബാം ( 35 ) ഇയാളുടെ സുഹൃത്ത് ചന്ദൻ (26 ) എന്നിവർക്കെതിരെ കേസെടുക്കുകയും, പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പോലീസ് നടപടി സ്വീകരിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ സിറ്റി പോലീസ് സൂപ്രണ്ട് പരിചയ് കുമാർ പറഞ്ഞു. ഒരാളുടെ പേര് ബോൾബാം എന്നും മറ്റൊരാളുടെ പേര് ചന്ദൻ എന്നുമാണ്. അറസ്റ്റിലായ പ്രതിയിൽ നിന്ന് ഒരു നാടൻ പിസ്റ്റളും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു. സംഭവസ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ആയുധങ്ങൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയും സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.