ഗാന്ധിനഗർ : ഗുജറാത്തിൽ പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അരുംകൊല.സംഭവത്തിൽ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു. നഖത്രാന സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കിഷോറിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 2ാം തീയതി മുതൽ യുവാവിനെ കാണാനില്ലായിരുന്നു. പിന്നാലെ രമേഷിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. കിഷോറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് കൊലപാതക വിവരം പുറത്തുവന്നത്. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നും കിഷോർ പൊലീസിൽ മൊഴി നൽകി.
വിവാഹിതയായ യുവതിയുമായി ഏതാനും നാളുകളായി രമേഷ് അടുപ്പത്തിലായിരുന്നു. ഇതേ യുവതിക്ക് കിഷോർ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയയ്ക്കുകയും താനുമായി സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചു. ഇതേത്തുടർന്ന് കിഷോറും രമേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കിഷോർ രമേഷിനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം കത്തി ഉപയോഗിച്ച് രമേഷിന്റെ തലയും കൈകാലുകളും മുറിച്ചു. ശേഷം ഇവ കുഴൽക്കിണറിലെറിയുകയും ബാക്കി ഭാഗങ്ങൾ കത്തിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കാൻ പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയും പ്രതിക്ക് സഹായം ചെയ്‌തിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് കുഴൽക്കിണറില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ ചില ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് പൊലീസ്.