
ചെന്നൈ: ഡെലിവറി വൈകിയതിൽ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന് ഡെലിവറി ബോയ് ജീവനൊടുക്കി. ബി.കോം വിദ്യാർഥിയായ പവിത്രൻ എന്ന 19കാരനാണ് ജീവനൊടുക്കിയത്. ചെന്നൈ കൊളത്തൂരിലാണ് സംഭവം നടന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഡെലിവറി സമയത്ത് സ്ത്രീ ശകാരിച്ചതിനെത്തുടർന്ന് താൻ വിഷാദത്തിലേക്ക് പോയെന്നും അതാണ് മരണകാരണമെന്നും പവിത്രൻ ആത്മഹത്യ കുറിപ്പിൽ പറഞ്ഞു.
പഠനത്തിനിടെ വരുമാനം കണ്ടെത്തുന്നതിനായാണ് പവിത്രൻ ഡെലിവറി ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 11ന് കൊരട്ടൂർ ഭാഗത്തെ ഒരു വീട്ടിൽ പലചരക്കുകൾ ഡെലിവറി ചെയ്യാനുണ്ടായിരുന്നു. എന്നാൽ, വിലാസം കണ്ടെത്താൻ പ്രയാസമായതോടെ ഡെലിവറി വൈകി.
സാധനങ്ങൾ ഓർഡർ ചെയ്ത സ്ത്രീ പവിത്രനെ ശകാരിക്കുകയും ഡെലിവറി സ്ഥാപനത്തിൽ വിളിച്ച് പരാതി പറയുകയും ചെയ്തു. പ്രകോപിതനായ പവിത്രൻ തൊട്ടടുത്ത ദിവസം ഇവരുടെ വീടിന് നേരെ കല്ലെറിഞ്ഞു. ജനൽ ചില്ലുകൾ തകർന്നു. ഇതോടെ സ്ത്രീ പൊലീസിൽ പരാതി നൽകുകയും തുടർന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിട്ടയക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പവിത്രൻ അസ്വസ്ഥനായിരുന്നു. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.