
ന്യൂഡൽഹി: സ്വകാര്യ മേഖലയിൽനിന്ന് ലാറ്ററൽ എൻട്രിയിലൂടെ സർക്കാർ തലത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ രംഗത്ത്. 'ഇത്തരം നിയമനങ്ങളിൽ എന്റെ പാർട്ടിയുടെ നിലപാട് തികച്ചും വ്യക്തമാണ്. സർക്കാർ നിയമനങ്ങൾ നടക്കുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകൾ പാലിക്കണം. അതിൽ ഒരു 'എങ്കിലും' 'പക്ഷെ'യുമില്ല' -ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
ഈ വിവരം പുറത്തുവന്ന രീതിയും എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ആശങ്കാജനകമാണ്. കാരണം ഞാനും ഈ സർക്കാറിന്റെ ഭാഗമാണ്. എനിക്ക് ഈ കാര്യം ഉന്നയിക്കാനുള്ള വേദിയുണ്ട്. ഞങ്ങൾ ഒരിക്കലും ഇതിനെ അനുകൂലിക്കുന്നില്ല. ഇത് പൂർണമായും തെറ്റാണ്. ഈ വിഷയം ഞാൻ സർക്കാറിന് മുമ്പിൽ ഉയർത്തുമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി.