
ഇന്ത്യൻ ടീമിൻ്റെ പുതിയ ജഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ്. ഡ്രീം ഇലവൻ പുറത്തായതോടെയാണ് അപ്പോളോ ടയേഴ്സ് ജഴ്സി സ്പോൺസർമാരാവുന്നത്. 2027 വരെയാണ് സ്പോൺസർഷിപ്പ് അവകാശം. ഡ്രീം ഇലവനെക്കാൾ പണം മുടക്കിയാണ് അപ്പോളോ ടയേഴ്സ് ഇന്ത്യൻ ജഴ്സി സ്പോൺസർ ചെയ്യുക. ഒരു മത്സരത്തിന് 4.5 കോടി രൂപ വച്ച് അപ്പോളോ ടയേഴ്സ് ബിസിസിഐയ്ക്ക് നൽകും.
നേരത്തെ ഡ്രീം ഇലവൻ നൽകിയിരുന്നത് നാല് കോടി രൂപ വീതമായിരുന്നു. മൂന്ന് വർഷത്തെ കരാറിൽ ആകെ അപ്പോളോ ടയേഴ്സ് ബിസിസിഐയ്ക്ക് നൽകുക 579 കോടി രൂപയാണ്. 121 ഉഭയകക്ഷി മത്സരങ്ങളും 21 ഐസിസി മത്സരങ്ങളുമാണ് കരാറിലുള്ളത്. നിലവിൽ ഏഷ്യാ കപ്പ് കളിക്കുന്ന പുരുഷ ടീമിനോ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന വനിതാ ടീമിനോ ജഴ്സി സ്പോൺസറില്ല.
ഏഷ്യാ കപ്പിന് മുന്നോടി ആയാണ് ഡ്രീം ഇലവൻ ഇന്ത്യൻ ടീം ജഴ്സി സ്പോൺസർഷിപ്പ് അവസാനിപ്പിച്ചത്. ഓൺലൈൻ ഗെയിമിങ് ആക്ടിൻ്റെ ഭാഗമായി ഡ്രീം ഇലവൻ ഉൾപ്പെടെ ഓൺലൈൻ ഗെയിമിങ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതോടെയാണ് ഡ്രീം ഇലവൻ ജഴ്സി സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയത്.
ഡ്രീം ഇലവൻ പുറത്തായതിന് ശേഷം ഇന്ത്യ അപേക്ഷ ക്ഷണിച്ചെങ്കിലും ഏഷ്യാ കപ്പിന് മുൻപ് പുതിയ സ്പോൺസർമാരെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പിൽ സ്പോൺസർമാരില്ലാതെ കളിക്കുന്നത്. പുകയില ഉത്പന്നങ്ങളുടെയും ബെറ്റിങ് ആപ്പുകളുടെയും അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.