ബെംഗളൂരു: നടി രന്യ റാവുവിനെ സ്വർണം വിറ്റഴിക്കുന്നത് കൂടാതെ ഹവാല ഇടപാടുകൾ നടത്താനും ബെള്ളാരിയിലെ സ്വർണവ്യാപാരിയായ സാഹിൽ ജെയിൻ സഹായിച്ചെന്ന് റവന്യു ഇന്റലിജൻസ്. വെവ്വേറെ ഇടപാടുകളിലായി 49.6 കിലോഗ്രാം സ്വർണം വിറ്റഴിക്കാൻ രന്യയെ സഹായിച്ചതിനു പുറമേ, ഹവാല ഇടപാടുകാർ വഴി 38.19 കോടി രൂപ ദുബായിലെ മാഫിയകൾക്കു കൈമാറാനും സാഹിൽ സഹായിച്ചു. ഓരോ ഇടപാടിനും 55,000 രൂപ വീതം സാഹിൽ കമ്മിഷൻ വാങ്ങിയിരുന്നതായും പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.
12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണു സാഹിൽ. മുംബൈയിലെ സ്വർണക്കടത്തു മാഫിയയുമായി അടുത്ത ബന്ധമുള്ള പ്രതി, ജനുവരിയിൽ രന്യയ്ക്കായി 30.34 ലക്ഷം രൂപയുടെ ഹവാല ഇടപാട് ബെംഗളൂരുവിൽ നടത്തിയതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.