
മുംബൈ: വിമർശനാത്മകമായി തോന്നുന്ന എന്തിനെയും വളച്ചൊടിച്ച് ദേശവിരുദ്ധമാക്കി മാറ്റുകയാണെന്ന് ബോളിവുഡ് നടന്‍ നസീറുദ്ദീൻ ഷാ. ഹിന്ദി സിനിമകളുടെ ഗുണനിലവാരത്തെ വിമർശിക്കുന്നത് നിങ്ങളെ നന്ദികെട്ടവനാക്കുന്നു. വിവേകത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഒരു അപേക്ഷ നിങ്ങളെ രാജ്യദ്രോഹിയാക്കുന്നുവെന്നും നസീറുദ്ദീൻ പറയുന്നു. സഹ കലാകാരനുവേണ്ടി സംസാരിക്കുന്നത് രാജ്യത്തിനെതിരെ സംസാരിക്കുന്നതായി മാറ്റിത്തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ജിത്തിന്റെ 'സർദാർജി 3 'എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഷാ പിന്തുണയുമായി എത്തിയിരുന്നു. പാക് നടി ഹനിയ ആമിറിനെ ചിത്രത്തിലെ നായികയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് നടിയെ നായികയാക്കിയതിനെതിരെ പല കോണിൽ നിന്നും വിമർശനം ഉണ്ടായിരുന്നു.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിന് മുമ്പായിരുന്നു സിനിമ ചിത്രീകരിച്ചതെന്നും നിർമാതാക്കൾ പറയുന്നു. ജൂൺ 27 നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഫേസ്ബുക്കിൽ ദിൽജിത്തിനെ പിന്തുണച്ച് ഷാ കുറിപ്പെഴുതുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് നീക്കം ചെയ്തിരുന്നു.
എന്നാൽ, ഈ കുറിപ്പ് താനല്ല നീക്കം ചെയ്തതെന്നും പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ടെന്നും താനായിട്ട് ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചിട്ടില്ലെന്നും പറഞ്ഞു ഷാ നേരിട്ട് രംഗത്തെത്തിയിരുന്നു.
"ഇന്ത്യക്കാര്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്ന് പരാതി പറഞ്ഞാല്‍ നിങ്ങള്‍ 'എങ്ങോട്ട് പോകണമെന്ന' കാര്യം ചിലര്‍ ഉപദേശിക്കും. പാകിസ്താൻ ഇന്ത്യൻ കലാകാരന്മാരെ അവിടെ അവതരിപ്പിക്കാൻ അനുവദിക്കുന്നുണ്ടോ എന്ന് ടിവി സീരിയല്‍ നായിക അനുപമ ചോദിക്കുന്നു, അവർ നമ്മളെ അനുവദിക്കുക മാത്രമല്ല, സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അറിയാതെയാണിത്. നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ, ഫരീദ ഖാനു എന്നിവരെയെല്ലാം കേള്‍ക്കുന്ന ഇന്ത്യയിലെ എല്ലാവരും രാജ്യദ്രോഹികളാണോ? പ്രധാനമന്ത്രിക്ക് മാത്രമേ അതിർത്തി കടന്ന് തന്റെ എതിരാളിയെ ആലിംഗനം ചെയ്യാൻ കഴിയൂ. സാധാരണ മനുഷ്യരായ നമ്മളത് ചെയ്യുന്നത് പാപമാണ്. അവരുടെ സർക്കാറോ സൈന്യമോ ചെയ്യുന്ന കാര്യങ്ങൾക്ക് ഓരോ പാകിസ്താൻ പൗരനെയും വെറുക്കുന്നത് നമുക്ക് ഏതെങ്കിലും വിധത്തിൽ ഗുണം ചെയ്യുമോ? അതോ, അത് ചില കാട്ടു പ്രേരണകളെ തൃപ്തിപ്പെടുത്തുകയാണോ?..." - നസീറുദ്ദീൻ ഷാ ചോദിക്കുന്നു.
"പുതിയ വിദ്വേഷങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും. എന്റെ രാജ്യത്തോടുൾപ്പെടെ ഒന്നിനോടുമുള്ള സ്നേഹം തെളിയിക്കേണ്ട ആവശ്യമില്ല. ദേശീയവാദികൾക്കും പണം കൊടുത്തുണ്ടാക്കുന്ന ട്രോളുകൾക്കും ഞാൻ എളുപ്പത്തിൽ ഇരയാകുന്നു. എന്‍റെ തോന്നലുകളെയും വികാരങ്ങളെയും ഞാന്‍ വിശ്വസിക്കുന്നു..അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല." - ദി ഇന്ത്യന്‍ എക്സ്‍പ്രസിലെഴുതിയ ലേഖനത്തില്‍ ഷാ പറയുന്നു.
"ഞാൻ ഇന്ത്യയിൽ ഒരു മുസ്‍ലിം കുടുംബത്തിലെ അഞ്ചാം തലമുറയിലും എന്റെ ഭാര്യ അതിലും പ്രായമുള്ള ഒരു ഹിന്ദു കുടുംബത്തിലും ജനിച്ചു. ഞങ്ങളുടെ കുട്ടികൾക്ക് രണ്ടിന്റെയും മികച്ച സംയോജനമാകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സഹോദരന്മാർ പാകിസ്താനിലേക്ക് പോയപ്പോൾ എന്റെ പിതാവ് പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചു. എന്‍റെ മക്കള്‍ക്ക് ഇന്ത്യയില്‍ ഒരു ഭാവിയുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.." - നസീറുദ്ദീൻ ഷാ പറയുന്നു.
"ദിൽജിത് ദോസഞ്ജിനെ പിന്തുണച്ചുള്ള എന്റെ ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ നീക്കം ചെയ്തിട്ടില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു. സിനിമാ വ്യവസായത്തിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനെ ഞാൻ നിരുത്സാഹപ്പെടുന്നില്ല. അവർക്കെല്ലാം നഷ്ടപ്പെടാൻ വളരെയധികം ഉണ്ട് അല്ലെങ്കിൽ അവർ വിയോജിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്." - നസീറുദ്ദീൻ ഷാ പറഞ്ഞു.