
വ്യവസായി അനില്‍ അംബാനിയുടെ പ്രശ്നങ്ങള്‍ ഒഴിയുന്നില്ല. ഒരു പ്രശ്നത്തില്‍ നിന്ന് കരകയറുമ്പോള്‍ തന്നെ വേറൊരു പ്രശ്നം ഉടലെടുക്കും. ഏറ്റവുമൊടുവിലായി 26 കോടി രൂപയുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാങ്ക് അക്കൗണ്ടുകളും ഓഹരികളും മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉത്തരവിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും പിഴ അടക്കാത്തതിനാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി കര്‍ശന നടപടി സ്വീകരിച്ചത്.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സ് ബിഗ് എന്‍റര്‍ടൈന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന (ഇപ്പോള്‍ ആര്‍ബിഇപി എന്‍റര്‍ടൈന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്) സെബി നവംബര്‍ 14ന് നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം കുടിശ്ശികയുള്ള തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.